മഞ്ചേരി : സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടികളുടെ ഭാഗമായി ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലൂന്നി മഞ്ചേരിയിൽ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയിൽ 2305 പേർക്ക് ഭൂമിയുടെ അവകാശം കൈമാറി.
മഞ്ചേരി മുനിസിപ്പൽ ടൗണ്‍ഹാളിൽ നടന്ന ചടങ്ങിൽ എടവണ്ണ പെരകമണ്ണ കല്ലിടുന്പ് ചാപ്പക്കുടിയിൽ വീട്ടിൽ നീനക്ക് പട്ടയം കൈമാറി റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പട്ടയമേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
പെരകമണ്ണ വില്ലേജിൽ ഉൾപ്പെട്ട നാല് സെന്റ് ഭൂമിയുടെ അവകാശരേഖയാണ് നീനക്ക് ലഭിച്ചത്. ജില്ലയിലെ വിവിധ ലാൻഡ് ട്രിബ്യൂണലുകൾ വഴിയാണ് 2305 കൈവശക്കാർക്ക് പട്ടയം വിതരണം ചെയ്തത്. ഇതിൽ 907 പട്ടയങ്ങൾ വിതരണം ചെയ്ത് മഞ്ചേരി ലാൻഡ് ട്രിബ്യൂണലാണ് ഒന്നാം സ്ഥാനത്ത്. തിരൂർ ലാൻഡ് ട്രിബ്യൂണൽ വഴി 728 പേർക്കും തിരൂരങ്ങാടി ലാൻഡ് ട്രിബ്യൂണൽ വഴി 565 പേർക്കും പട്ടയങ്ങൾ ലഭിച്ചു. കൂടാതെ, മലപ്പുറം ദേവസ്വം വഴി 69 പേർക്കും പുറന്പോക്ക് ഭൂമിയിൽ നിന്ന് അഞ്ച് പേർക്കും പട്ടയം ലഭിച്ചു.
ഒരു ഒഎൽഎച്ച്എസ് പട്ടയവും ചടങ്ങിൽ വിതരണം ചെയ്തു. മഞ്ചേരി ലാൻഡ് ട്രിബ്യൂണലിനോട് ചേർന്നുള്ള 27 ലാൻഡ് ട്രിബ്യൂണൽ ഡിവിഷനുകളിലെ ഏകദേശം പത്ത് ലക്ഷം പട്ടയ ഫയലുകൾ ശാസ്ത്രീയമായി തരം തിരിച്ച് ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.